Monday, June 16, 2014

ജെംസ്



       
        ഹിന്ദിയുടെ ഹൃദയഭൂവിൽ ഒരു  പ്രഭാതം കൂടി. ആധുനിക പേർഷ്യൻ ഭാഷയിൽ ഹിന്ദുസ്ഥാൻ എന്നാൽ സിന്ധു നദിയുടെ അപ്പുറമുള്ള സ്ഥലം എന്ന് അർത്ഥം . പാശ്ചാത്യർ അവിടെ ഉള്ളവരെ ഹിന്ദു എന്ന് വിളിച്ചു. അവർ സംസാരിക്കുന്ന ഭാഷ ഹിന്ദിയും ആയി. ആ ഹിന്ദുസ്ഥാനിൽ ആണ് ഞാൻ.

     അതിരാവിലെ വിളിച്ചു ഉണർത്താൻ അമ്പല മണികളോ കാകന്മാരുടെ ഉണർതുപാട്ടുകളോ ഇല്ല. (എല്ലാവര്ക്കും കുയിലിനെ പോലെ പാടാൻ  പറ്റില്ലാലോ). വിളിച്ചു ഉണർത്തുന്നത് മുറിക്കു  തൊട്ടു അടുത്തുകൂടി രാവിലെ കൂകി പായുന്ന തീവണ്ടി ആണ്.അടുത്തുള്ള ചെറിയ പട്ടണത്തിൽ പോകുന്ന മീറ്റർ ഗേജ് വണ്ടി. അലാറം സ്നൂസ് ചെയ്തു വയ്കുന്നത് പോലെ അത് 10 മിനിറ്റ് ഇടവേളകളിൽ അങ്ങോട്ടും  ഇങ്ങോട്ടും പോയ്കൊണ്ടേ ഇരിക്കും. പാളത്തിനു ഇരുവശത്തും വീടുകളാണ്. ആ വീടുകളിലെല്ലാം ചെറിയ കുട്ടികൾ ഉണ്ട്.   മണ്ണ് പുരണ്ട വസ്ത്രങ്ങളും ചെമ്പിച്ച തലമുടിയും ഉള്ള ആ കുഞ്ഞുങ്ങൾ പകൽ സമയം മുഴുവൻ  പാളങ്ങളിൽ ആയിരിക്കും.  കൂടെ കളിക്കാൻ ശ്വാനന്മാരും ഉണ്ടാകും. പക്ഷെ അവരുടെ മാതാപിതാക്കൾ അവരെ ശ്രദ്ധിക്കാറെ ഇല്ല. തീവണ്ടികൾ വരുമ്പോൾ വരുമ്പോൾ നമുക്ക്ഭയം തോന്നും. പക്ഷെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ പോലെ അവരും അവരുടെ ചുറ്റുപാടുകളുമായി പൊരുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. ഇവിടെ ഹിന്ദി എന്റെയും ഭാഷ ആയിരിക്കുന്നു. മലയാളം സംസാരിക്കുന്നതു ദിവസവും വീട്ടിലേക്കു ഫോണ്‍ ചെയ്യുന്ന 5 മിനിറ്റ് ആണ്.

    പ്രാതൽ എന്നത് ശരീരത്തിനോടുള്ള  ഒരു ഔപചാരികതയായി മാറിയിരിക്കുന്നു. ഔദ്യോഗികമായി ഹിന്ദി മാത്രം സംസാരിക്കുന്ന ഒരെഒരു ഇന്ത്യൻ സംസ്ഥാനത്തിൽ അനൌദ്യോഗികമായിപോലും "ഹിന്ദി" ഇതര ഭക്ഷണം ആഗ്രഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്നത്തേയും പോലെ ഞാൻ ഇന്നും രാവിലെ അടുത്തുള്ള ഭക്ഷണശാലയിൽ എത്തി. നമ്മുടെ നാട്ടിലെ മുറുക്കാൻ കടയോളം വരും അത്. ചെറിയ മേശപുറത്ത്‌ ഭക്ഷണങ്ങൾ നിരന്നു ഇരിപ്പുണ്ട്. അതിനു സമീപത്തായി രണ്ടു ചെറിയ ബെഞ്ചുകൾ. എൻറെ 90kg താങ്ങാൻ ഈ ബെഞ്ചിനു ആകുമോ എന്ന് എന്നത്തേയും പോലെ സംശയിച്ചു ഞാൻ പതിയെ ഇരുന്നു. എന്നത്തേതും പോലെ ഒന്നും സംഭവിച്ചില്ല. നിറം തിരിച്ചറിയാൻ ആകാത്തവിധം അഴുക്കു പിടിച്ച ബനിയനും പൈജാമയും ഇട്ട ആ കടക്കരാൻ "എന്താ വേണ്ടത്?" എന്ന ചോദ്യം ചോദിക്കാതെ തന്നെ  ഉത്തരത്തിനായി എന്റെ മുഖത്തേക്ക് നോക്കി നിൽപായി. ഒരു മദിരാസി  ആയ എനിക്ക് (ഇവിടെ സൗത്ത് ഇന്ത്യക്കാർ എല്ലാം മദിരാസികൾ ആണ്) എന്താണ് ഇത്ര ആലോചിക്കാൻ? കചോരി, സമോസ,പാറ്റിസ്, പോഹ  എന്നിങ്ങനെ പോകുന്നു ഇവിടുത്തെ "സ്വാദിഷ്ടമായ" ഭക്ഷണ പദാർത്ഥങ്ങളുടെ  നിര. ഇവിടുത്തെ ഭക്ഷണം കഴിക്കുന്നത്‌ ശരീരത്തിനെ ബോധ്യപെടുത്താൻ വേണ്ടിമാത്രമാണ് എന്ന് ശരീരം മനസിലാക്കുന്ന ഒരു ദിവസത്തിന് വേണ്ടിയുള്ള പ്രതീക്ഷയിലാണ് എല്ലാ ദിവസവും പിരിയുന്നത്.

      ചായയും പോഹയും (അവൽ, കപ്പലണ്ടി, പച്ചമുളക് എന്നിവ ചേർന്ന മഞ്ഞ നിറമുള്ള ഒരുതരം ഭക്ഷണം). 10 രൂപയ്ക്കു ഇന്നത്തെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു. അപ്പോൾ ആണ് ഒരു പേന വാങ്ങണം എന്ന പല ദിവസങ്ങൾ  ആയുള്ള ആവശ്യം മനസ്സിൽ പൊന്തി വരുന്നത്. ആവശ്യം എന്റേതല്ല, മറിച്ചു എനിക്ക് എഴുതാൻ പറ്റും എന്ന ആത്മവിശ്വാസത്തിന്റെ ആണ്. (അഹങ്കാരത്തിന്റെതും ആകാം). ഒരു പക്ഷെ ദിവസങ്ങൾ ആയുള്ള ഏകാന്തതയും ആകാം ആവശ്യകാരൻ. അടുത്തുള്ള ഒരു ബുക്ക്‌ ഷോപ്പിൽ കയറി. എന്താണ് എഴുതേണ്ടതെന്ന് അറിയില്ല,പക്ഷെ പേന നല്ലത്  വേണം.  തരക്കേടില്ലാത്ത ഒരെണ്ണം കിട്ടി. പക്ഷെ ബാക്കി തരാൻ അയാളുടെ കയ്യിൽ ചില്ലറ ഇല്ല. അതിനു പകരം അയാൾ ഒരു മിഠായി തന്നു. "കാട്ബരിസ് ജെംസ്". അവിടെന്നു തിരികെ നടന്നു. പതിയെ ജെംസ് പാക്കറ്റ് തുറന്നു ചെറിയ മിഠായികൾ കൈയ്യിൽ വീഴ്ത്തി. നീല, മഞ്ഞ, ചുവപ്പ്, പച്ച, വയലറ്റ് അങ്ങനെ ഒരുപാട് നിറങ്ങൾ. പക്ഷെ മധുരത്തിനോടുള്ള നാവിന്റെ ആവേശത്തിലും വേഗത്തിൽ ആയിരുന്നു എന്റെ മനസ്സിൽ നിന്നും കണ്ണുകളിലേക്ക് ഓർമയുടെ ഉടഞ്ഞ സ്ഫടികചില്ലുകൾ പതിച്ചത്. അതിന്റെ പ്രതിഫലമെന്നോണം രണ്ടു നീർമണികൾ എന്റെ കണ്പോളകളെ  പോലും തോട്ടുനോക്കാതെ കവിളിൽ നനവ്‌ തീർത്ത് താഴേക്കു ഉരുണ്ടുപോയി. എന്റെ കുഞ്ഞനുജത്തിയും എങ്ങോ എനിക്ക് നഷ്ടപെട്ടുപോയ എന്റെ ബാല്യകാലവും അനേകം മേഘപ്പാടുകള്ക് അകലെ നിന്നും മാടിവിളിക്കുന്നത് പോലെ തോന്നി. "ചേട്ടന് ഇതിൽ ഏതു കളർ വേണം?"

       അവള്ക്ക് എന്നും പ്രിയപെട്ടതയിരുന്നു ജെംസ് മിഠായി. അമ്മയോട് അവൾ വാങ്ങാൻ പറയുന്ന ഒരെഒരു കാര്യം അത് മാത്രമാവും. അത് കൈയ്യിൽ കിട്ടികഴിഞ്ഞാൽ പിന്നെ പങ്കുവയ്കുന്ന തിരക്കിലായി. ആദ്യം എല്ലാ വർണത്തിലും ഉള്ള ഓരോന്ന് അവൾകായി മാറ്റി വയ്കും. പിന്നെ എല്ലാവര്ക്കും ഓരോ പങ്ക്. അമ്മയ്ക്കും, അച്ഛനും, അമ്മുമ്മക്കും പിന്നെ എനിക്കും. എന്നിട്ട് അവൾ ഓരോ വർണത്തിൽ ഉള്ളതും വായിൽ അലിചു നോക്കും. പുറമേ ഉള്ള കളർ മാറി വെള്ള ആകുന്നോ എന്ന് അറിയാൻ. അവൾക് എന്നും ഉത്തരം ഒന്ന് തന്നെ ആയിരുന്നു. പുറമേ എന്ത് തന്നെ വർണം ആയിരുന്നാലും അകത്തു വെള്ളയാണ്. അതിനും അകത്തു ചോക്ലറ്റും. ഒരു നിമിഷം ഞാൻ ആലോചിച്ചു. അവരുടെയൊക്കെ മനസും അതുപോലെ ആണു. പുറമേ എന്തു തന്നെ കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ സ്നേഹം തന്നെയാണ്. പക്ഷെ ഞാൻ ഇപ്പൊ ജീവിക്കുന്നതോ? പുറമേ മാത്രം വെള്ള പൂശി ജീവിക്കുന്ന കുറെ മനുഷ്യരോടൊപ്പം. എന്തിനാണെന്ന് അറിയാത്ത ഒരു ഓട്ട പാച്ചിലിൽ ആണ് അവരെല്ലാരും.

       ആരോയോക്കെയോ തോല്പിക്കാനാണ് അവർ ഓടുന്നതും മുഖത്ത് വെള്ള പൂശുന്നതും. ആ വഴിയിൽ നില്കുന്ന എനിക്കും ഓടാതിരിക്കാൻ പറ്റില്ല. അല്ലെങ്കിൽ പുറകിൽ ഉള്ളവർ തട്ടി നിലത്തിടും. അതുകൊണ്ട് ഞാനും ഓടുന്നു. എന്തോ നേടാൻ വേണ്ടി ഞാനും ഓടുന്ന ഈ ഓട്ട  പാച്ചിലിൽ എനിക്ക് എന്തൊക്കെയോ നഷ്ടപെടുന്നില്ലേ? ഒരു ജെംസ് മിഠായിക്കുള്ളിലെ മധുരം പോലെ ഉള്ള എന്തോ ഒന്ന്. അത് പുതുമണ്ണിന്റെ മണം കൊണ്ടുവന്നു കോരിചോരിയുകയും പിന്നെ ഇടിമിന്നലായി പേടിപ്പിക്കുകയും ചെയ്യുന്ന മഴക്കലമാണോ? പുതുമഴയിൽ നാമ്പിടുന്ന പുൽകൊടികളും ജനാല കമ്പികളിൽ ഇറ്റു വീഴാൻ കാത്തുനിൽകുന്ന മഴത്തുള്ളികളും ഓർമകളിൽ അത് ശരിവയ്ക്കുന്നു. അത് മാത്രമേ ഉള്ളോ? അതോ പരീക്ഷ കഴിഞ്ഞ വേനലവധികാലങ്ങളും മാങ്ങ നിറഞ്ഞ മാന്തോപ്പും പുഴയും പൊരിവെയിലിൽ ഉള്ള കളിയും ഒക്കെ ഉണ്ടോ? അപ്പോൾ ഓണത്തിനും പൂക്കളത്തിനു ഊഞ്ഞാലിനും സദ്യക്കും മധുരമില്ലെ? ഉത്സവങ്ങളും, അമ്പലവും, തിരുവാതിരയും,താലപ്പൊലിയും എഴുന്നെള്ളതും എല്ലാം അതെ മധുരമുള്ളതാല്ലേ? അതോ ഇതിലും മധുരമാണോ എന്റെ അമ്മയും അച്ഛനും, അനുജത്തിയും, അമ്മുമ്മയും ഒത്തുചേരുന്ന സായാഹ്നങ്ങൾ?

         എന്തിനാണ് ഞാൻ ഇതെല്ലം ഉപേക്ഷിച്ചത്? എന്ത് നേടാനാണ് ഞാൻ ഇതെല്ലം നഷ്ടപെടുത്തിയത്? എല്ലാം നേടി ഞാൻ മടങ്ങുമ്പോൾ ഞാൻ ഉപേക്ഷിച്ചതെല്ലാം എന്നെ കാത്തിരിക്കില്ല. എനിക്ക് എല്ലാം തിരിച്ചു വേണം. എന്തിനോ വേണ്ടി എന്റെ കുടുംബത്തിനു ഞാൻ നിഷേധിച്ച സന്തോഷം തിരിച്ചു കൊടുക്കണം. എനിക്കല്ലാതെ ആർകാണ്‌ അതിനു സാധിക്കുക?എനിക്ക് എത്രയും വേഗം വീട്ടിൽ എത്തണം. ഒരു മകന്റെയും ഏട്ടന്റെയും ഒക്കെ കടമകൾ നിറവേറ്റണം. ഇന്ന് തന്നെ പോയാലോ? ഞാൻ ലാപ്ടോപ് തുറന്നു ഫ്ലൈറ്റ് ടിക്കറ്റ്‌ നോക്കി. ഇന്ന് വൈകിട്ട് ഫ്ലൈറ്റ് ഉണ്ട്. എവിടെയോ നിന്ന് എന്റെ നാടും വീടും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി. പെട്ടെന്ന് എന്റെ ഫോണ്‍ റിംഗ് ചെയ്തു. അറ്റൻഡ് ചെയ്തപ്പോൾ മറുതലക്കൽ എന്റെ സീനിയർ മാനേജർ. ഈ ആഴ്ച അവസാനം ഹെഡ് ഓഫീസിൽ നിന്നും പ്രൊജക്റ്റ്‌ വിസിറ്റ്. അതിനാൽ പ്രൊജക്റ്റ്‌ മാനേജർ ആയ ഞാൻ കൂടുതൽ അദ്ധ്വാനിക്കുകയും ഒരു മാസത്തെ  ജോലി ഒരു ആഴ്ചകൊണ്ട് തീർകുകയും വേണം എന്ന് നിർദേശം തന്നു അയാൾ ഫോണ്‍ വച്ചു. ഇവിടെ ഞാൻ നിശബ്ദനായി. പ്രതീക്ഷകളിൽ കനത്ത ഇരുട്ട് വീണു. പിന്നെ അത് പെയ്തൊഴിഞ്ഞു. ഇവടപാതിയിലെ സന്ധ്യപോലെ എന്റെ കണ്ണുകളും തോർന്നപ്പോൾ ചുവന്നു.

മുഖത്ത് ചായം പൂശാനുള്ള സമയമായി..... ഞാൻ വീണ്ടും ഓടാൻ തുടങ്ങുന്നു.....ലക്ഷ്യങ്ങൾ ഇല്ലാതെ.....ജീവിതത്തിൽ നിന്നും........